ഒരു വലിയ ഇടവേളക്കുശഷം കേരളത്തിലെ കോളേജുകളിൽ പുതിയ പ്രോഗ്രാമുകൾ ആരംഭിക്കുന്നു. പാരമ്പര്യ വിഷയങ്ങളെ പുതിയ പഠന മേഖലകളുമായി ബന്ധിപ്പിച്ചുകൊണ്ടാണ് വിദഗ്ദ്ധ സമിതി പുതിയ പ്രോഗ്രാമുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ബൊട്ടണിയെ ഓർഗാനിക് കൃഷിയുമായും, കൊമേഴ്സിനെ ഡാറ്റാ ശാസ്ത്രമായും മറ്റും ബന്ധിപ്പിക്കുന്ന രീതിയിലാണ് പുതിയ പ്രോഗ്രാമുകളുടെ നിര. വിജ്ഞാന, സാങ്കേതിക, തൊഴിൽ മേഖലകളിൽ രൂപംകൊണ്ടുവരുന്ന നവസാധ്യതകളെ ഉൾക്കൊള്ളാനുള്ള ശ്രമങ്ങൾ തീർച്ച്ചയായും ശ്ലാഘനീയമാണ്. പുതിയ സ്പെഷ്യലൈസേഷനും, ഉപശാഖകളമായി അതിവേഗം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന വൈജ്ഞാനികമേഖലയിൽ, ആ മാറ്റങ്ങളുൾക്കൊള്ളുന്ന കോഴ്‌സുകൾ വരികയും, ഉള്ള പ്രോഗ്രാമുകളെ മാറ്റിയടുക്കുകയും ആവശ്യമാണ്. വരുന്ന കാലം നിർമ്മിത ബുദ്ധിയുടെയും, റോബോട്ടിക്സിന്റെയും, ബിഗ് ഡാാറ്റയുടേയും കാലമാണെന്നു വിദഗ്ദ്ധർ പ്രവചിക്കുമ്പോൾ, അതിന്റെ വ്യക്തമായ സൂചനകൾ മുന്നിൽ കാണുമ്പോൾ, നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗം ഒരുങ്ങി എന്നുള്ള സന്ദേശം കൂടിയാണ് ഇതു നൽകുന്നത്.
അതേസമയം ഈ പുത്തൻ തലമുറ പ്രോഗ്രാമുകൾ നിർദേശിച്ച വിദഗ്ദ്ധ സമിതി തന്നെ മുൻപ് അനുവദിച്ച ഇത്തരം കോഴ്‌സുകളെക്കുറിച് സൂചിപ്പിച്ച വസ്തുതകൾ ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് പുത്തൻതലമുറ പ്രോഗ്രാമുകൾ സംസ്ഥാനത്തു വേണ്ടത്ര വേരോടാത്തത്? ആഗോളതലത്തിൽ ആവശ്യകതയുള്ളതും, അന്താരാഷ്ട്ര തൊഴിൽമേഖലയിൽ ഉയർന്ന സാധ്യതയുള്ളതുമായിട്ടും നമ്മുടെ ക്യാമ്പസുകളിൽ അത്തരം കോഴ്‌സുകൾക്ക് ആവശ്യക്കാർ കുറഞ്ഞുവരികയായിരുന്നു. ബയോടെക്നോളോജി മുതൽ മൈക്രോബിയോളജി വരെ, ഇതായിരുന്നു അവസ്ഥ. ബിയോഇൻഫോർമാറ്റിക്സും ഇൻഡസ്ട്രിയൽ കെമിസ്ട്രിയും പോലുള്ള പല കോഴ്‌സുകളും അവസാനിപ്പിച്ച കോളേജുകൾ ഉദാഹരങ്ങളായുണ്ട്. തൊണ്ണൂറുകളിൽ യൂജിസി അനുവദിച്ച ഇൻഡസ്ട്രിയൽ കെമിസ്ട്രി പോലുള്ള കോഴ്‌സുകൾ യൂജിസി ധനസഹായം നിലച്ചപ്പോൾ മിക്ക കോളേജുകളും നിർത്തിയതിന്ന് പല കാരണങ്ങളുണ്ടായിരുന്നു: സ്ഥാപനത്തിന്റെ താല്പര്യക്കുറവും, വിദ്യാർഥികൾകിടയിൽ വേണ്ടത്ര ബോധവത്കരണമില്ലാത്തതും, ഈ കോഴ്‌സുകൾ ഏറ്റെടുക്കുന്നതിൽ യൂണിവേഴ്സിറ്റി, സർക്കാർതലത്തിലുള്ള താത്പര്യക്കുറവും അതിൽ ചിലതാണ്.
ഈ കോഴ്‌സുകൾ എന്തുകൊണ്ട് പ്രതീക്ഷിച്ചപോലെ വേരോടിയില്ല എന്നതിന്റെ ഒരു പ്രധാന കാരണം ഇത്തരം കോഴ്സുകൾ ചെയ്ത വിദ്യാർത്ഥികൾക്ക് തൊഴിൽ സാധ്യത കുറവാണ് എന്നുള്ളതാണ്. പക്ഷേ ഈ പ്രശ്നം അല്പം കൂടി വിസ്തൃതമായ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. കാരണം ഏറ്റവും സമകാലികമായ, പുതിയലോക വിഷയങ്ങൾ പഠിച്ചിറങ്ങുന്നവർക്ക് ജോലിയില്ല എന്നുപറയുന്നതിൽ വൈരുദ്ധ്യമുണ്ട്. തൊഴിൽ സാധ്യത എന്നുപറയുമ്പോൾ അത് ഏതു മേഖലയിലാണ് എന്നുകൂടി അന്വേഷിക്കേണ്ടതുണ്ട്. പലപ്പോഴും നമ്മുടെ സംസ്ഥാനത്ത് പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ, പ്രോഗ്രാമുകൾ ഏതുതന്നെയായാലും തൊഴിൽ തേടുന്നത് സർക്കാർ മേഖലയിൽ മാത്രമായിരിക്കും. അതേസമയം പല സർക്കാർ ജോലികൾക്കും അടിസ്ഥാന യോഗ്യത പരമ്പരാഗതമായുള്ള ബിരുദ പ്രോഗ്രാമുകൾ ആകും താനും. ഉദാഹരണത്തിന് ബോട്ടണി ബിരുദക്കാർക്ക് ഒരു ജോലിക്ക് യോഗ്യതയുണ്ടെങ്കിലും പ്ലാന്റ് സയൻസ് ബിരുദക്കാർക്ക് ഉണ്ടാവില്ല. ഇവിടെ രണ്ടു തരത്തിലുള്ള പ്രശ്നങ്ങളാണ് ഉയർന്നുവരുന്നത്. ഒന്നാമതായി സർക്കാർതലത്തിൽ ജോലികളുടെ അടിസ്ഥാന യോഗ്യത നിർണയിക്കുമ്പോൾ ഇത്തരം ബിരുദ, ബിരുദാനന്തരതലത്തിൽ സംസ്ഥാനത്ത് നിലവിൽ വന്നിട്ടുള്ള പുതിയ തലമുറയിൽപ്പെട്ട പ്രോഗ്രാമുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അപ്ഡേഷനുകൾ യഥാസമയം നടക്കുന്നില്ല എന്നുള്ളതാണ്. അതിനാൽ സർക്കാർ തലത്തിലുള്ള പരമ്പരാഗതമായ തൊഴിലിടങ്ങൾ ഇത്തരം പ്രോഗ്രാമുകൾ പഠിച്ചിറങ്ങിയ വിദ്യാർഥികൾക്ക് തുടക്കത്തിലെങ്കിലും അപ്രാപ്യമാകുന്നു. ഇതിനു കാരണങ്ങൾ പലതാകാം. പലപ്പോഴും സർവകലാശാലാതലത്തിൽ പുതിയ കോഴ്‌സുകളെ പഴയ കോഴ്‌സുകൾക്ക് തുല്യമാണ് എന്ന തീരുമാനം എടുത്തിട്ടില്ല എങ്കിൽ, അത് സർക്കാർ പി എസ് സി തലത്തിൽ ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. ചില ജോലികൾക്ക് ഈ ഉദ്യോഗാർത്ഥികൾ ഏതു ബിരുദമെടുത്തു എന്നതുമാത്രമല്ല ആ ബിരുദത്തിന്റെ കോംപ്ലിമെന്ററി വിഷയങ്ങളും പ്രധാനപ്പെട്ടതാകുന്നു. ഒരു പുതിയ ബിരുദവിഷയത്തിന്റെ കോംപ്ലിമെന്ററി വിഷയം മാറുന്നതോടെ ആ ബിരുദം എടുത്തവർ ജോലിക്ക് അപേക്ഷിക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരം അനുഭവങ്ങൾ വിദ്യാർത്ഥികളെ ഇത്തരം ബിരുദവിഷയങ്ങളിൽ നിന്ന് പുറകോട്ടു വലിക്കുന്നു.
മറ്റൊരു പ്രധാന പ്രശ്നം ഇത്തരം പുതുതലമുറ ബിരുദവിഷയങ്ങൾ എടുത്തു പഠിച്ച വിദ്യാർത്ഥികളുടെ സമീപനത്തിന്റെതാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഈ ബിരുദധാരികൾ പലപ്പോഴും അവർ പഠിച്ച മേഖലകളുമായി ബന്ധപ്പെട്ട് ജോലികൾക്ക് പുറകെ പോകാതെ, അവരുടെ വീടിനടുത്തു ലഭിക്കാൻ സാധ്യതയുള്ള, തന്റെ ഐശ്ചിക വിഷയവുമായി വലിയ ബന്ധമൊന്നുമില്ലാത്ത, തൊഴിലുകളിൽ താൽപര്യം കാണിക്കുന്നു. സ്ഥിരത ലഭിക്കുന്ന സർക്കാർ ജോലികൾ മാത്രം നേടാനും ശ്രമിക്കുന്നു. ഈ പ്രവണത ഏതൊരു മേഖലയ്ക്ക് വേണ്ടിയാണോ ഈ വിദ്യാർഥികൾ തയ്യാറെടുത്തത് അതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു തൊഴിൽ മേഖലയിൽ ഇവരെ എത്തിക്കുന്നു. ഇത്തരമൊരവസ്ഥ ഈ നവബിരുദധാരികളുടെ സമീപനത്തിൽ നിന്നും ഉണ്ടാകുന്നതാണ്. വിദ്യാർത്ഥികളുടെ കുടുംബപരമായും സാമൂഹിക ചുറ്റുപാടുകളുമായും ബന്ധപ്പെട്ടുകിടക്കുന്ന ഒരു പ്രശ്നം കൂടിയാണിത്. കോഴ്‌സുകൾ പുതുതലമുറയും സമീപനങ്ങൾ വളരെ പഴഞ്ചനുമാവുന്ന ഈ അവസ്ഥ പെൺകുട്ടികളുടെ കാര്യത്തിൽ പ്രത്യേകിച്ചും ശ്രദ്ധേയമാണ്. പലപ്പോഴും മെറിറ്റിൽ മുന്നിലുള്ളത് പെണ്കുട്ടികളായതിനാൽ ഇത്തരം കോഴ്‌സുകളിലും അവരായിരിക്കും അഡ്മിഷൻ നേടുന്നതിൽ മുന്നിൽ. എന്നാൽ കോഴ്സ് പൂർത്തിയാക്കി ജോലിതേടുമ്പോൾ അവരിൽ ഏറിയ പങ്കും കേരളം വിട്ടോ, അവരുടെ ജില്ല വിട്ടോ പുറത്തുപോയി ജോലിചെയ്യാൻ തയ്യാറാവാറില്ല. ഇതും മറ്റെല്ലാ കോഴ്‌സുകളുടെ പോലെ പുതുതലമുറ കോഴ്‌സുകാരുടെ കാര്യത്തിലും സംഭവിക്കാറുണ്ട്.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന ഘടകം കേരളത്തിലെ തൊഴിൽ സാഹചര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഇൻഡസ്ട്രി - ഇൻസ്റ്റിറ്റ്യൂഷൻ ബന്ധങ്ങളെക്കുറിച്ചും, അതിന്റെ ആവശ്യകതയെക്കുറിച്ചും യുജിസിയും നാക്കും (NAAC) മറ്റു പല ബന്ധപ്പെട്ട സ്ഥാപനങ്ങളും ആവർത്തിച്ചു സംസാരിക്കുന്നുണ്ടെങ്കിലും, ഇത് പ്രാവർത്തികമാകണം എന്നുണ്ടെങ്കിൽ പഠനം കഴിഞ്ഞു പുറത്തു വരുന്ന ബിരുദധാരികളെ ഉൾക്കൊള്ളാവുന്ന തരത്തിലുള്ള വ്യവസായങ്ങൾ/സ്ഥാപനങ്ങൾ/അവസരങ്ങൾ ഉണ്ടാകേണ്ടതുണ്ട്. കേരളത്തിലെ യാഥാർത്ഥ്യം പലപ്പോഴും ഇതിനു വിരുദ്ധമാണ്. അതിനാൽ പുതിയ തലമുറ കോഴ്സുകൾ പഠിച്ചിറങ്ങുന്നവർക്ക് അവർ അർഹിക്കുന്ന, പഠിച്ചിറങ്ങിയ മേഖലയിലുള്ള ജോലികൾ ലഭിക്കാതെ വരുമ്പോൾ, തീർച്ചയായും അനുബന്ധ മേഖലയിലോട്ട് തിരിയുന്നു. ഉദാഹരണത്തിന് ഓർഗാനിക് ഫാമിംഗ് പഠിച്ചവർ ബോട്ടണി എന്ന വിഷയവുമായി ബന്ധപ്പെട്ട മേഖലയിൽ ഒതുങ്ങി കൂടുന്നു. കൃത്രിമബുദ്ധി പഠിച്ച ഒരാൾ ഈ രീതിയിൽ നോക്കിയാൽ ഒരു സിസ്റ്റം ഓപ്പറേറ്റർ ആയി മാറിയേക്കാം. അല്ലെങ്കിൽ ഒരു കമ്പ്യൂട്ടർ അധ്യാപകൻ. ഈ ജോലികളൊന്നും മോശമാണെന്നല്ല, ഈ ജോലികളെടുക്കാൻ ഇത്തരം പുതിയ വിജ്ഞാന മേഖലയിൽ ബിരുദമെടുക്കേണ്ടിയിരുന്നില്ല എന്നാണ് സൂചിപ്പിക്കുന്നത്. അത്തരം ആളുകളുടെ മുന്നിൽ ഉള്ള മാർഗ്ഗങ്ങൾ ഇങ്ങിനെയുമാവാം: ഒന്നുകിൽ എവിടെയാണ് ജോലി ലഭ്യമാകുന്നത് അങ്ങോട്ടേക്ക് പോകുക, അല്ലെങ്കിൽ സ്വയംസംരംഭകരാവുക. എന്നാൽ സാമ്പത്തികമായ കാരണങ്ങളാൽ ഇവർ ആദ്യം പറഞ്ഞ സാധ്യതയായിരിക്കാം തിരഞ്ഞെടുക്കുക. ബിഗ് ഡാറ്റാ ബിരുദം എന്നാൽ ഡാറ്റാ ഓപ്പറേറ്റർ ജോലി. പഠിച്ച വിഷയങ്ങളും ലഭ്യമായ തൊഴിലവസരങ്ങളും തമ്മിലുള്ള ഈ വൈരുദ്ധ്യം മാറേണ്ടതുണ്ട്. കേരള സ്റ്റാർട്ട് അപ്പ് മിഷനും ഇൻക്യൂബേഷൻ ഹബ്ബുകളും ഈ മേഖലയിൽ ഇപ്പോൾ നല്ല പിന്തുണ നൽകുന്നുണ്ടെന്നത് പ്രതീക്ഷ നൽകുന്നു.
യുജിസി ധനസഹായത്തോടുകൂടി ചില കോളേജുകളിൽ ആരംഭിച്ച ഫങ്ക്ഷണൽ ഇംഗ്ലീഷ് ബിരുദ കോഴ്സിന്റെ കാര്യം എടുക്കാം. ബിരുദ പഠനത്തിനുശേഷം ബന്ധപ്പെട്ട മേഖലകളിൽ ജോലിക്കു പോകുക എന്ന ലക്ഷ്യത്തോടുകൂടി യുജിസി വിഭാവന ചെയ്ത ഒരു ബിരുദ കോഴ്‌സായിരുന്നു അത്. എന്നാൽ ഈ വൊക്കേഷണൽ പ്രോഗ്രാമിനെ നിലവിലുള്ള ഇംഗ്ലീഷ് സാഹിത്യബിരുദ കോഴ്‌സുമായി അനാവശ്യമായ താരതമ്യം കൊണ്ടുവരികയും, പിന്നീട് കാലക്രമേണ ബി എ ഫങ്ക്ഷണൽ ഇംഗ്ലീഷ് കോഴ്സിന്റെ സിലബസിനെ ബി എ ഇംഗ്ലീഷ് സാഹിത്യ (ലാംഗ്വേജ് ആൻഡ് ലിറ്ററേചർ എന്നാണ് പേരെങ്കിലും ഊന്നൽ സാഹിത്യത്തിന്) ബിരുദത്തോട് അടുപ്പിക്കുകയും ആണ് ഉണ്ടായത്. ഫങ്ക്ഷണൽ ഇംഗ്ലീഷ് ബിരുദധാരികൾക്ക് ലഭിക്കുമെന്ന് കരുതിയ തൊഴിൽ ലഭിക്കാതിരിക്കുകയോ, അതോ തൊഴിൽ നേടുന്നതിന് ആവശ്യമായ അറിവോ കഴിവോ ഇവരിൽ വളർത്തിയെടുക്കുന്നതിൽ സ്ഥാപനങ്ങൾ വേണ്ടത്ര വിജയിക്കാതിരുന്നതുകൊണ്ടോ ആകാം ഇത്തരത്തിലുള്ള ഒരു അവസ്ഥ ഉണ്ടായത്. ചുരുക്കിപ്പറഞ്ഞാൽ ഫങ്ക്ഷണൽ ഇംഗ്ലീഷ് ബിരുദകോഴ്സ് ഇംഗ്ലീഷ് ഭാഷക്ക് മുൻതൂക്കം കൊടുക്കുന്ന, എന്നാൽ പഴയ ട്രഡീഷണൽ ബിഎ ഇംഗ്ലീഷ് കോഴ്സിന് ഏതാണ്ട് തുല്യമായ പരിഗണിക്കാവുന്ന ഒന്നായി ഇടയ്ക്കു വെച്ചൊന്നു മാറി. കൂടുതൽ ഇംഗ്ലീഷ് സാഹിത്യ പഠനഭാഗങ്ങൾ ഇതിന്റ സിലബസിൽ കയറിക്കൂടി. ഇങ്ങിനെ മാറ്റാൻ നിർബന്ധിച്ച പ്രധാന ഘടകം ഈ വിഷയം പഠിച്ചവർക്ക് ബിരുദാനന്തരം ജോലി ലഭിക്കാത്തതിനാൽ ഇവർ ബിരുദാനന്തരബിരുദം നേടാൻ ശ്രമിക്കുകയും, അതിനു യോഗ്യരാവാൻ പഴയ ബി എ ഇംഗ്ലീഷിൻറെ സിലബസുമായി താരതമ്യം സാധ്യമാവുന്ന തരത്തിൽ മാറ്റങ്ങൾ വരുത്തുകയുമായിരുന്നു. ഇപ്പോൾ നല്ല വൊക്കേഷണൽ സ്വഭാവം ഉള്ള ഒരു കോഴ്‌സാണിതെങ്കിലും ചില കാര്യങ്ങൾ പ്രസക്തമാണ്. ഈ ബിരുദമെടുത്തിറങ്ങിയവർ ജോലിസാധ്യതയേക്കാളും ബിരുദാനന്തര ബിരുദ പഠനത്തിന്ന് പ്രാധാന്യം നൽകി. ജോലിക്ക് ശ്രമിച്ചതിൽ വിജയിച്ചവർ, വേണ്ടത്ര കഴിവില്ലാത്തതിനാലോ, ജോലി ലഭ്യമല്ലാത്തതിനാലോ, കുറവാണ്. പഠിച്ച ബിരുദത്തിന്റെ (ഉണ്ടെന്ന് പറയപ്പെട്ട) ജോലിസാധ്യത ഉപയോഗപ്പെടുത്താതെ (ഉപയോഗപ്പെടാതെയും) ഉപരിപഠനതിന്നു പോകുന്നതും, ആ കാരണത്താൽ ഈ കോഴ്സിന്റെ രൂപം മാറുന്നതും ഇവിടെ കണ്ടു. പുത്തൻ തലമുറ പ്രോഗ്രാമുകൾ കാലക്രമേണ രൂപാന്തരം സംഭവിച്ച്, പാരമ്പര്യ ബിരുദ പ്രോഗ്രാമുകൾ ആയി മാറുന്നത് രീതികളിൽ ഒന്ന് ഇങ്ങിനെയാണ്. എല്ലാം ഇത്തരത്തിലാവണമെന്നില്ലെങ്കിലും.
മറ്റൊരു കാതലായ പ്രശ്നം ഈ കോഴ്സുകളുടെ അവതരണത്തെയും (ഡെലിവറി) അതേപോലെതന്നെ ഈ പ്രോഗ്രാമുകൾ നടത്തുന്നതിനുവേണ്ടി അതാത് ക്യാമ്പസുകളിൽ സജ്ജമാക്കുന്ന സൗകരങ്ങളെയും സംബന്ധിച്ചുള്ളതാണ്. ഇതിൽ രണ്ടാമത്തെ ഘടകം ആദ്യം എടുക്കുകയാണെങ്കിൽ, ചില രസകരമായ കാര്യങ്ങൾ നമുക്ക് അറിയാൻ കഴിയും. ഒരു പുതിയ കോഴ്സ് അനുവദിക്കുമ്പോൾ സ്വാഭാവികമായും നിയമം അനുശാസിക്കുന്ന തരത്തിൽ ഉള്ള എല്ലാ സൗകര്യങ്ങളും ഉണ്ടോയെന്ന് യൂണിവേഴ്സിറ്റി നിയമിക്കുന്ന വിദഗ്ധസമിതി ക്യാമ്പസ് സന്ദർശിച്ച് വിലയിരുത്തുന്നുണ്ട്. എന്നാൽ ഈ വിലയിരുത്തൽ സന്ദർശനം വേണ്ടത്ര ഫലപ്രദമാകകാറുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദ പ്രോഗ്രാം നടത്തുന്നതിന് അനുമതി ലഭിച്ചശേഷം പിന്നീടുള്ള പത്ത് വർഷം വെറും ഒരു ക്യാമറ മാത്രം ലഭ്യമാക്കിയ ക്യാമ്പസ് നമുക്ക് ചുറ്റുമുണ്ട്. ഈ പ്രോഗ്രാം നടത്തുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നായ സ്റ്റുഡിയോ / മീഡിയ റൂം ഇല്ലാതെ വർഷങ്ങളോളം പ്രവർത്തിച്ച സ്ഥാപനങ്ങളുമുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളിൽ നിന്ന് പുതിയ കോഴ്‌സുകൾ പഠിച്ചിറങ്ങുന്നവർക്ക് ജോലി ലഭിക്കുന്നതിനോ, മറ്റോ വേണ്ട പ്രായോഗിക സ്കിൽ ഉണ്ടാവില്ലെന്നുറപ്പാണ്. അതിനാൽ ഇത്തരം പുതിയ പ്രോഗ്രാമുകൾ അനുവദിക്കുമ്പോൾ അവ ഫലപ്രദമായി നടത്താൻ കഴിയുന്ന തരത്തിലുള്ള സൗകര്യങ്ങൾ ഉണ്ടോ എന്നുള്ള കാര്യത്തിൽ കുറച്ചുകൂടി കണിശമായ വിലയിരുത്തൽ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്. ഇനി ആദ്യത്തെ കാര്യമെടുക്കുകയാണെങ്കിൽ, പ്രോഗ്രാം നടത്തുന്നതിന് വേണ്ട കഴിവുകളും, അറിവും അദ്ധ്യാപകനുണ്ടോ എന്നുള്ളതും കൂടിഉറപ്പുവരുത്തേണ്ടതാണ് . ഇത് പുതുതലമുറ പ്രോഗ്രാമുകളുടെ മാത്രം കാര്യത്തിലല്ല എങ്കിലും പാരമ്പര്യമായി പഠിപ്പിച്ചുവരുന്ന വിഷയങ്ങളിൽ ഇത്രമാത്രം ബുദ്ധിമുട്ടുണ്ടാകില്ല എന്ന് വിചാരിക്കാം. ഏതു കോഴ്സിൻറെയും നിലവാരം ഒരു നല്ല പരിധിവരെ അതു പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ നിലവാരത്തിന്നനുസരിച്ചിരിക്കും. എങ്കിലും ഒരു പുതിയ വൈജ്ഞാനിക മേഖലയെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാനമാണ്. അടിസ്ഥാന, അനുബന്ധ സൗകര്യങ്ങളിലുള്ള വിട്ടുവീഴ്ച പോലെത്തന്നെ അദ്ധ്യാപകരുടെ അറിവും കഴിവും പുതിയ തലമുറ കോഴ്സുകളുടെ നിലവാരത്തെ മോശമായി ബാധിക്കുകയും വിദ്യാർത്ഥികൾ പലപ്പോഴും ഈ കോഴ്‌സുകൾ ഒഴിവാക്കാൻ കാരണമാകുകയും ചെയ്യുന്നു. പുതിയ വിഷയങ്ങളിൽ വേണ്ടത്ര അവഗാഹമുള്ള, അദ്ധ്യാപകരാവാൻ തയ്യാറുള്ള വ്യക്തികളുടെ ലഭ്യതയും ഒരു ഘടകമാണ്.
ഇതിന്റെ കൂടെ ചേർത്തു വായിക്കേണ്ട മറ്റൊരു കാര്യം ഒരു പുതിയ കോഴ്സ് അല്ലെങ്കിൽ മേഖല എന്നുള്ള നിലക്ക് കൊണ്ടുവരുന്ന ഒരു പ്രോഗ്രാം പേരിലല്ലാതെ ഉള്ളടക്കത്തിൽ യഥാർത്ഥത്തിൽ ഈ പറയുന്ന വൈജ്ഞാനിക ശാഖയുടെ സത്ത ഉൾക്കൊള്ളുന്നുണ്ടോ എന്നുള്ളതാണ്. പഠിക്കാനുള്ള അനേകം പേപ്പറുകളിൽ വെറുമൊരു പേപ്പറിനെ പേരുമാറ്റി, ആ പ്രോഗ്രാം മൊത്തം മാറി എന്നുള്ള രീതിയിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം ഉപരിപ്ലവമായ, വെറുമൊരു ഇലക്റ്റീവ് പേപ്പർ മാറ്റിക്കൊണ്ട്, ആ ബിരുദ പ്രോഗ്രാം മുഴുവനായി മാറി എന്നുള്ള പ്രതീതി ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നത്, പ്രോഗ്രാമുകളുടെ ഉള്ളടക്കത്തെയും ഗുണനിലവാരത്തെയും സഹായിക്കില്ല. ഉള്ളടക്കത്തിൽ സമഗ്രമായ മാറ്റം ഉണ്ടായാൽ മാത്രമേ പുതിയ വിഷയങ്ങളോട് നീതി പുലർത്താൻ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം ഇപ്പോൾ സംഭവിക്കുന്നതുപോലെ, മുൻപ് പുതുതലമുറയായി കരുതപ്പെട്ടിരുന്ന ബി ബി എ ബിരുദധാരികൾ 'പഴയ' കോഴ്സ് ആയ ബികോം കോർപ്പറേഷൻ ബിരുദധാരികളുടെ പുറകിൽ നിൽക്കേണ്ടിവരും.
യൂജിസി പലഘട്ടങ്ങളിലായി അനുവദിച്ച തൊഴിലധിഷ്ഠിത, നൂതന കോഴ്‌സുകൾക് കേരളത്തിൽ എന്തുസംഭവിച്ചു എന്നും, ഇത്തരം കോഴ്‌സുകൾ പഠിച്ചിറങ്ങിയവർ ഇപ്പോൾ ഏതെല്ലാം മേഖലയിൽ ജോലി ചെയ്യുന്നുഎന്നുള്ളതും ശ്രദ്ധേയമാണ്. അങ്ങിനെ ചെയ്‌താൽ കേരളം പോലെ വിദ്യാസമ്പന്നമായ ഒരു സംസ്ഥാനത്തു എന്തുകൊണ്ടാണ് പുതുതലമുറ കോഴ്‌സുകൾ വേരോടാത്തത് എന്ന് മനസ്സിലാക്കാം. കാരണങ്ങൾ സാങ്കേതികകളിലും, കാലാനുസൃതമായി മാറാൻ അനുവദിക്കാത്ത സമീപനങ്ങളിലും കുടുങ്ങിക്കിടക്കുകയാണ് എന്ന് എല്ലാവർക്കുമറിയാം.
ഈ
ഗണത്തിലെ ഏറ്റവും പുതിയ വിഭാഗമാണ് ഇപ്പോൾ യൂജിസി ധനസഹായത്തോടെ
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ബി വോക് പ്രോഗ്രാമുകൾ. ഉയർന്ന തൊഴിൽ സാധ്യത
കല്പിക്കപ്പെടുന്ന ബി വോക് പ്രോഗ്രാമുകളുടെ കാര്യം താരതമ്യേന
മെച്ചമാകുമെന്നുറപ്പാണ്. കാരണം സ്കിൽ മേഖലയിൽ പല തലത്തിലും ഒരു പാട്
മുന്നേറ്റം രാജ്യം ഈ കാലഘട്ടത്തിൽ നടത്തിയുട്ടുണ്ട്. അതിനു പുറമെ,
സ്കില്ലും, തൊഴിലും ആണ് പഠനത്തിന്റെ ഏറ്റവും കാതലായ ലക്ഷ്യങ്ങളെന്ന
'കാര്യം' പലതലത്തിലും- സമൂഹത്തിലും, വിദ്യാർത്ഥികളിലും- ആവർത്തിച്ച്
ബോധ്യപ്പെടുത്തുന്നുമുണ്ട്. എങ്കിലും ഈ ബി വോക് പ്രോഗ്രാമ്മുകൾ, ഭാവിയിൽ
പഴയ വഴിയെ പോകില്ല എന്നുറപ്പുവരുത്തേണ്ടതുണ്ട്. ബി വോക് ഫുഡ് ടെക്നോളജി
കഴിഞ്ഞ ഒരു വിദ്യാർത്ഥിക്ക്, ബി എസ് സി ഫുഡ് ടെക്നോളജി കഴിഞ്ഞ
വിദ്യാര്ഥിയെക്കാൾ തൊഴിൽ സാധ്യത ഉറപ്പാക്കേണ്ടതല്ലേ. അതല്ല എങ്കിൽ, ബി
വോക് കഴിഞ്ഞാൽ എം എസ്സി ക്ക് പോകാൻ ഉള്ള ശ്രമങ്ങളും (താല്പര്യമുള്ള
കുട്ടികൾ പോകുന്നതിൽ തെറ്റൊന്നുമില്ല), തുല്യതാ പ്രശ്നങ്ങളും, പഠനബോർഡുകൾ
തമ്മിലുള്ള തർക്കങ്ങളും തുടരും. ന്യൂ ജൻ പ്രോഗ്രാമുകളുടെ പുറകെ പോയവർ,
ഓൾഡ് ജൻ സാങ്കേതികക്കുരുക്കിൽ പെടും. നാലു വർഷം ദൈർഘ്യമുള്ള NCERT ബി എസ്
സി എഡ്യൂക്കേഷൻ പ്രോഗ്രാം, ബി എഡിനു തുല്യമാണെന്ന് പി
എസ് സി യെ വിശ്വസിപ്പിക്കാൻ കോടതികയറേണ്ടി വന്നവരുണ്ട് നമുക്കു ചുറ്റും.
മാനുഷികമൂല്യനിർമ്മിതി എന്നത്തേക്കാളും ഉയർന്ന ആവശ്യമായി ഉയർന്നുവരുന്ന ഈ കാലഘട്ടത്തിൽ, അതിനുതകുന്ന കോഴ്‌സുകൾ വരേണ്ടതുണ്ട് - സർക്കാർ, എയ്ഡഡ്, സ്വകാര്യ വ്യത്യാസമില്ലാതെ എല്ലാ മേഖലകളിലും, എല്ലാ വിഷയങ്ങളിലും.
---------------------------------------------------*
Much insightful details. The main problem with our system is the huge disparity between the objectives, plannings as well as execution. At the end, everything falls into wrong places creating just a big chaos.
ReplyDeleteSkill education is important as per NEP hence New gen courses will emerge.. But facilities and employability etc are still issues
ReplyDeleteThank you so much for this valuable article, I think the main reason for the failure of new-generation courses is the students and parents don't like to take risk.
ReplyDeleteVery informative !!
ReplyDeleteSir. Really insightful. This have been the destiny of our many new gen courses of last 2 decades. What ever the changes puforwarded by NEP, as Prof. Bed Prakash commented, a country like India. 'it requires pumping of a huge resources' not the.6% of GDP, for the proposed changes in the Educational Sector.
ReplyDeleteAny way let us wait for the days to come to realise the fact that how far our governments are keeping their word in implementing the.NEP 2020 in its essence.
Dr. OP. Salahudheen
Quite true. ഇതിൽ പറഞ്ഞിരിക്കുന്ന പോലെ നാളെ പുതിയ കോഴ്സ് ആരംഭിച്ചു കഴിഞ്ഞു പിറ്റേന്ന് തന്നെ വിദ്യാർത്ഥികൾ (രക്ഷിതാക്കൾ) ഇതിന്റെ വിപണി നോക്കി ചേരാൻ താൽപര്യം കാണിക്കും. അതിന്റെ academic തലത്തിൽ ഒരു മുന്നൊരുക്കങ്ങളും ഇവിടെ ഇല്ല. ജാതി മതം നോക്കി കോളേജ് അധികൃതർ ക്ക് പ്രോഗ്രാം അനുവദിക്കുന്നു. ഇനിയും ഇത്തരം അനുഭവങ്ങൾ നമ്മുടെ നാട്ടിലെ കുട്ടികൾക്ക് അനുഭവിക്കേണ്ടി വരും. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് കാര്യത്തിൽ കണ്ടതാണ്. പലതും അടച്ചു പൂട്ടാറായി.
ReplyDeleteSuperb👌👌
ReplyDelete